മാർട്ടിൻ ലിങ്സ് : അനുരാഗിയുടെ നബവീ വായന

SHARE:

നബിയെഴുത്തുകളുടെ ചരിത്രത്തിന് പ്രവാചകജീവിതത്തോളം തന്നെ പഴക്കമുണ്ട്. നബിജീവിതത്തിന്റെ  വിശദാംശങ്ങൾ സർവ്വോപരി ഹദീഥുകളില്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അവ ചരിത്രമെഴുത്തിന്റെ സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പ്രവാചകരുടെ വഫാത്താനന്തരം തന്നെ സീറകള്‍ എഴുതപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആദ്യകാലങ്ങളില്‍ വന്ന നബിയെഴുത്തുകളൊക്കെ സമാന വീക്ഷണകോണില്‍ നിന്നുള്ളവയായിരുന്നു. കുരിശുയുദ്ധാനന്തരം വന്ന രചനകളിലാവട്ടെ പ്രവാചകര്‍ പലപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. എന്നാൽ പോസ്റ്റ് കൊളോണിയൽ ലിറ്ററേച്ചറിൽ വന്ന വിവിധ രചനകളുടെ വൈവിധ്യങ്ങളായ പരിപ്രേക്ഷ്യങ്ങൾ ശ്രദ്ധേയമായിരുന്നു. പാശ്ചാത്യ രചയിതാക്കൾ പ്രവാചക പഠനങ്ങൾക്ക് മുൻകയ്യെടുത്ത് മുന്നോട്ട് വന്നതോടെ ആധുനിക സീറകൾക്ക് അനുസ്യൂത്യമായ ജനപ്രീതിയും അക്കാദമിക പിന്തുണയും ലഭിച്ചു. 

തിരുനബി(സ)യെ കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥങ്ങളിൽ വേറിട്ട് നിൽക്കുന്നതാണ് മാർടിൻ ലിംഗ്സിന്റെ ‘മുഹമ്മദ്‘ (Muhammad: His Life Based on the Earliest Sources).  എഴുത്തിന്റെ വിശദാംശങ്ങളേക്കാൾ കാവ്യാത്മകമായ പുസ്തകത്തിന്റെ ശൈലിയാണ് മാർടിൻ ലിംഗ്സിന്റെ പുസ്തകത്തെ വേർതിരിക്കുന്നത്. ഹൈക്കലിന്റെ (Hussein Heikal) മുഹമ്മദിലും ( The life of Muhammad ) കാരന്‍ ആംസ്‌ട്രോങ്ങിന്റെ (karen Armstrong) മുഹമ്മദിലും (Muhammad : Biography of the prophet )  ഒരു ചരിത്രപുരുഷനെയാണ് വായിക്കപ്പെന്നത്. പ്രവാചകൻ (സ) യുടെ ജനനവും, ദൗത്യവും, യുദ്ധങ്ങളും, പലായനവും, വിവാഹങ്ങളും, സന്ധികളും, വിയോജിപ്പുകളും, വിജയങ്ങളും, പ്രഭാഷണങ്ങളും, വിമര്‍ശനാത്മകമായ നിശബ്ദതയും  എല്ലാം പഠനവിധേയമാക്കുന്ന ഗ്രന്ഥങ്ങളാണവ. 

ഒരു ബയോഗ്രഫി സമഗ്രമായി അവതരിപ്പിക്കുന്നതോടൊപ്പം പ്രവാചകന്‍ (സ) പൊതുസ്വകാര്യ ജീവിതങ്ങളില്‍ മാതൃകയാകുന്നത് എങ്ങിനെയെന്ന്  വിശകലനവിധേയമാക്കുന്നുണ്ട്. കേവലം ചരിത്രപുരുഷനായി പ്രവാചകനെ ആവിഷ്കരിക്കുന്ന ഇത്തരം ജീവചരിത്രങ്ങൾ പലപ്പോഴും ആഖ്യാനത്തിൽ ഇടറുന്നതും കാണാം.

      എന്നാൽ മാര്‍ടിന്‍ ലിംഗ്‌സ് രചിച്ച മുഹമ്മദില്‍ രണ്ട് സമീപനങ്ങൾ സമഞ്ജസമായി   സമ്മേളിച്ചിട്ടുണ്ട്. ഒരു സൂഫിവര്യന്റെ ഇംഗ്ലീഷിലെ ഒരേയൊരു ജീവചരിത്രമാണ് ഈ ഗ്രന്ഥം എന്നതിനാല്‍ വായനക്കാര്‍ക്ക് രണ്ടാമത്തെ സമീപനം ആദ്യത്തേതിനു ബലം പകര്‍ന്ന് ഇതില്‍ നിലനില്‍ക്കുന്നതായി തോന്നും. അതിലേറെ perennial philosophy എന്ന ത്വാത്വിക മിസ്റ്റിക്കല്‍ ചിന്തയുടെ വക്താവും പ്രയോക്താവും ആയിരുന്നു ലിംഗ്‌സ്. എല്ലാ ദര്‍ശനങ്ങളിലും നിലനില്‍ക്കുന്ന ദൈവബോധത്തെ ദര്‍ശനങ്ങളുടെ ചരിത്രത്തില്‍ നിന്നും വേര്‍പെടുത്തി കാണുന്ന ചിന്തയാണിത്. ദിവ്യസത്യത്തെ ചരിത്രത്തിന്റെ അവശേഷിപ്പുകളില്‍ നിന്നും ഒച്ചപ്പാടുകളില്‍ നിന്നും കടഞ്ഞെടുക്കുന്ന ഈ ചിന്ത മുഹമ്മദ് (സ)യില്‍ വരുന്നത് മറ്റ് പ്രവാചകന്മാരുടെയും വറഖത് ബിന്‍ നൗഫലിനെ പോലെയുള്ള ഹുനഫാഉകള്‍ ഉള്‍പ്പെടെയുള്ള സൂഫികളുടെയും അറിവുകളോടും അനുഭവങ്ങളോടും മുഹമ്മദ് നബി (സ)യുടെ ജീവിതത്തെ ബന്ധിപ്പിച്ചു കൊണ്ടാണ്. അതാകട്ടെ വിശാലമായ അര്‍ഥത്തില്‍ ആദ്ധ്യാത്മികതുടെ ചരിത്രം നിര്‍മിക്കാനുള്ള ധീരമായ ശ്രമമാണ് താനും. ഒപ്പം നബിചരിത്രത്തെ ഖുര്‍ആനിന്റെ ചരിത്രവുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഇതില്‍ കാണാം.

  മാര്‍ടിന്‍ ലിംഗ്‌സിന്റെ " Muhammed " വായിച്ച ആന്മേരി ഷിമ്മലും  ടൈറ്റസ്റ് ബുക്കർട്ടും പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ് : "പുസ്തകം ഒരു വട്ടം വായിച്ചു. വീണ്ടും വായിക്കാനായി ഞാനത് തുറന്നു.  ഹൃദയഹാരിയായ ഭാഷയാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് ". നബിചരിതത്തിൽ ഫാക്റ്റുകൾ ലിറ്ററേച്ചറിൽ തന്നെ വളരെയധികം ലഭ്യമാണ്. ഈ ആധിക്യം കാരണം 30, 40 വാല്യങ്ങൾ നീണ്ട ശേഖരങ്ങളാണ് പല നബിചരിതങ്ങളും. ഇതിനു അപവാദമാണ്  മാര്‍ടിന്‍ ലിംഗ്‌സിന്റെ " Muhammed " . ആയിരത്തഞ്ഞൂറു വർഷങ്ങൾക്കു മുമ്പ് ജീവിച്ച മഹാനായ ഒരു ചരിത്ര പുരുഷന്റെ സംഭവബഹുല ജീവിതം മാര്‍ടിന്‍ ലിംഗ്‌സ് ഉൾകൊള്ളിച്ചത് വെറും 300 പേജുകളിലാണ്.

മുവ്വായിരം പേജുകളുള്ള പ്രൊഫറ്റിക് റിസർച്ചുകളെക്കാൾ പഠനാർഹമാണ്  300 പേജുകളുള്ള  ഈ ആധികാരിക ഗ്രന്ഥം. ലളിതമായ ഭാഷയിൽ സരളവും സരസവുമായ അവതരണം തന്നെയാണ് മാര്‍ടിന്‍ ലിംഗ്‌സിന്റെ വ്യത്യസ്ത.  ആധികാരികവും നിഷ്പക്ഷവുമായ ഗ്രന്ഥം അനുവാചകഹൃദയങ്ങളിൽ പ്രവാചക വായനയുടെ നവ്യാനുഭൂതി സൃഷ്ടിക്കും. ഉമ്മയോടൊത്ത് ആറു വയസ്സുള്ളപ്പോൾ യസ്രിബിൽ പോയതും അവിടെ ഖസ്റജ് ഗോത്രത്തിലെ ബന്ധുക്കൾ നീന്തൽ പഠിപ്പിച്ചതും ,  യസ്രിബിൽ വെച്ച് പട്ടം പറത്താൻ നൈപുണ്യം നേടിയതും , തന്റെ തട്ടത്തിൽ കിടന്നുറങ്ങിപ്പോയ പൂച്ചക്കുഞ്ഞിനെ ഉണർത്താൻ ഇഷ്ടപ്പെടാതെ ബാങ്ക് വിളിച്ചപ്പോൾ തട്ടം മുറിച്ച് പള്ളിയിൽ പോയതും , സൈന്യം കടന്നുപോവുന്ന വഴിയിൽ പ്രസവിച്ചു കിടക്കുന്ന പട്ടിയെ കണ്ടപ്പോൾ സൈന്യത്തോട് വഴി മാറി പോകാൻ കൽപ്പിച്ചതും , പട്ടി കുഞ്ഞിന്

കാവൽ നിൽക്കാൻ  സ്വഹാബിയെ ഏൽപ്പിച്ചതുമെല്ലാം...മനോഹരമായി അവതരിപ്പിക്കുന്നുണ്ട് മാര്‍ടിന്‍ ലിംഗ്‌സ്. 

     കുട്ടിക്കാലത്തെക്കുറിച്ചുള്ള വിശകലനത്തിൽ, കുട്ടികളുടെ ദൃസാക്ഷിവിവരണം, ഹലീമബീവിയുടെയും ഭർത്താവിന്റെയും ദൃസാക്ഷി വിവരണം, പ്രവാചകന്റെ പ്രഥമ പുരുഷാഖ്യാനം എന്ന രീതിയിലാണ് ആഖ്യാനശ്രേണി. സംഭവം ഇന്നതുപോലെ നടന്നു എന്ന രീതിയിൽ രചയിതാവിന്റെ ആ(വ്യാ)ഖ്യാനം അവിടെ കടന്നുവരുന്നില്ല. പ്രവാചക പ്രകീർത്തനങ്ങളിലെ ഹികായത്തുകൾക്ക് സമാനമാണിത്. അതേസമയം സീറകളായ ഇബ്നു ഇസ്ഹാഖ്, ഇബ്നു സആദ്, തബരി എന്നിവരെ ആശ്രയിക്കുമ്പോഴും, അവയിലെ മവ്ളൂആത്തുകളെ (موضوع/ഉറവിടം വ്യക്തമല്ലാത്തതിനാൽ ദുർബലമായ സംഭവങ്ങളെ) നിരവധി സ്ത്രോതസുകളെ ആധാരമാക്കി പരിശേധിച്ച് നിചപ്പെടുത്തുന്ന രീതിയാണ് ലിംഗ്സ് സ്വീകരിച്ചിരിക്കുന്നത്. വെയ്ൻസികിന്റെ ഹാൻഡ്ബുക് ഓഫ് ഏർളി മുഹമ്മദൻ ട്രഡീഷനിലെ ഹദീസ് നമ്പറിംഗ് രീതി അശ്രയിച്ചതു കൊണ്ട്, ഹദീസ് ഗ്രന്ഥങ്ങൾ നേരിട്ട് ആശ്രയിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹദീസുകൾ പരിശോധിച്ച് വിശകലനം നടത്താൻ പ്രയാസമുണ്ട്. എങ്കിലും വിമർശനാത്മകമായി പുസ്തകം വായിക്കുന്നവർക്ക് വിവരണങ്ങളുടെ സാധുത മനസിലാക്കാവുന്നതാണ്. ജീവചരിത്രകാരൻ എന്ന നിലക്കല്ല, ആഖ്യാനങ്ങളെ ക്രോഡീകരിക്കുന്ന ആൾ എന്ന നിലക്കാണ് ലിംഗ്സ് ഇടപെടുന്നത് എന്ന് സാരം.

ഇസ്റാഅ് മിഅ്റാജ് യാത്രാവിവരണത്തെ " The Light of Thy Countenance” എന്ന പേരിലാണ് അധ്യായമാക്കിയത്. അങ്ങയുടെ മുഖദാവിന്റെ വെളിച്ചം എന്നാണതിന്റെ സാരം.  സൂഫിജ്ഞാനത്തിൽ അന്വേഷണത്തിന്റെ പരമമായ ലക്ഷ്യമാണ് അള്ളാഹുവുമായുള്ള ദാസന്റെ സമാഗമം. അത് അവാച്യമാണ്. അനുഭവാധിഷ്ഠിതവുമാണ്. മറ്റാർക്കും പറഞ്ഞുകൊടുക്കാനാവാത്തത്.  അഖ്യാനങ്ങളെ ക്രോഡീകരിക്കുന്ന ലിംഗ്സ് പെട്ടന്ന് ഖുർആൻ പരിഭാഷകനോ, വ്യാഖ്യാതാവോ ആയി മാറുന്നുണ്ട് ഈ അധ്യായത്തിൽ. പ്രവാചക ജീവിതത്തിലെ സുപ്രധാന മുഹൂർത്തത്തെ അതിലളിതമായി, കാച്ചിക്കുറിക്കി ആഖ്യാനം ചെയ്തിരിക്കുന്ന സൂറത്ത് നജ്മിന്റെ തഫ്സീറോ അവതരണ പശ്ചാത്തലമോ ആയി ഈ അധ്യായം വായിക്കാവുന്നതാണ്. അതേസമയം സിദ്റത്തുൽ മുൻതഹയെ The Lote Tree of the Uttermost End എന്ന് വിശേഷിപ്പിച്ചത് എത്ര മനോഹരമായിട്ടാണ് !. അനുരാഗിയായ അന്വേഷകന്റെ അങ്ങേയറ്റത്തെ ലക്ഷ്യമായ ദിവ്യ സമാഗമത്തെ കുറിക്കുന്ന രൂപകത്തെ മറ്റേത് വാക്കുകൾ കൊണ്ടാണ് ഭാഷാന്തരം ചെയ്യുക ! ?

 പ്രവാചക പ്രകീർത്തനങ്ങളുടെ സ്വഭാവം ചരിത്ര രചനയിലേക്ക് ഇറ്റുവീഴുന്ന സന്ദർഭങ്ങൾ ധാരാളമുണ്ട്. ചരിത്രം എന്ന രേഖീയതയിൽ ഊന്നി നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ സന്ദർഭങ്ങൾ വലിയ വെല്ലുവിളി തന്നെയാണ്. ഹലീമാ ബീവിയുടെ പാൽകുടിച്ച് ആ ഉമ്മയുടെ മക്കളോടൊപ്പം വളരുന്ന വേളയിൽ മാലാഖമാർ വന്ന് അവിടുത്തെ ഹൃത്തടം ശുദ്ധീകരിച്ച സന്ദർഭമുണ്ട്. ഏഴാകാശങ്ങൾക്കപ്പുറം മിഅറാജിന്റെ രാവിലെ അനിർവചനീയമായ ദിവ്യാനുഭൂതിയുടെ പ്രകാശത്തെ അശ്ലേഷിച്ച നിമിഷം മറ്റൊന്ന്. ഈ രണ്ട് സന്ദർഭങ്ങളും  എങ്ങിനെയാണ് ചരിത്രമായി രേഖപ്പെടുത്താനാവുക  ? പ്രവാചകൻ (സ) കണ്ടത് സ്വപ്നമാണെന്നും, ആ കുട്ടികൾ കണ്ടത് കൂട്ടം ചേർന്നുള്ള സ്വപ്നമാണെന്നും (shared dreams) അതിനെ യുക്തിവത്കരിക്കാനാകുമോ. മാർടിൻ ലിംഗ്സ് ഈ സംഭവങ്ങളെ അവതരിപ്പിന്നതാണ് വ്യത്യസ്തത . പുസ്തകത്തിൽ വീക്ഷണകോണുകളെ ഇടകലർത്തിക്കൊണ്ടുള്ള രചനാ രീതിയാണ് ലിംഗ്സ് സ്വീകരിച്ചിരിക്കുന്നത്.

മാര്‍ടിന്‍ ലിംഗ്‌സ് രചിച്ച ഈ പുസ്തകം വളരെ മികവുറ്റ നിലയില്‍ അദര്‍ ബുക്‌സ് മലയാളത്തില്‍  പുറത്തിറക്കിയിട്ടുണ്ട്. കെ.ടി.സൂപ്പിയാണ് പരിഭാഷകന്‍. മുട്ടാണിശേരില്‍ കോയാകുട്ടി മൗലവിയുടെ അവതാരിക ഈ കൃതിയെ ഗഹനമാക്കുന്നു. അദ്ദേഹത്തിന്റെ ഒടുവിലത്തെ രചനയാണിത്.  ഈ പുസ്തകം ഇത്ര മികവോടെ കേരളത്തിനു സമര്‍പ്പിച്ച  പ്രസാധകരുടെ ശ്രമം സ്തുത്യർഹമാണ്.

    ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ച മുഹമ്മദ് (സ) എന്ന വ്യക്തിയെപ്പറ്റിയും മുഹമ്മദ് എന്ന പ്രവാചകനെപ്പറ്റിയും അദ്ദേഹം പ്രബോധനം ചെയ്ത സന്ദേശത്തെപ്പറ്റിയുമൊക്കെയുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പാശ്ചാത്യലോകത്ത് വിവിധ പരിപ്രേക്ഷ്യങ്ങളിലൂടെ ഇന്നും അനുസ്യൂതം തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. വൈകാരികമായ അഭിനിവേശങ്ങളുടേയും വ്യക്തിപരമായ മതാനുഭവങ്ങളുടേയും യുക്തിഭദ്രമായ വിശകലനങ്ങളുടേയും വിവിധ അളവുകോലുകള്‍ ഉപയോഗിച്ച് സ്വീകാര്യതയുടെയും നിരാകരണത്തിന്റെയും വഴികള്‍ എഴുത്തുകാര്‍ സ്വയം തെരെഞ്ഞെടുക്കുന്നു. കാലാനുസൃതമായി രചനകളുടെ സ്വഭാവത്തിലും ശൈലിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതിനിടയിലും മാർട്ടിൻ ലിംഗ്സിനെ പോലുളള സ്കോളേഴ്സിന്റെ രചനകളാണ് മികവ് പുലർത്തുന്നത്.


പി.കെ സഈദ് പൂനൂര്‍


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മാർട്ടിൻ ലിങ്സ് : അനുരാഗിയുടെ നബവീ വായന
മാർട്ടിൻ ലിങ്സ് : അനുരാഗിയുടെ നബവീ വായന
https://blogger.googleusercontent.com/img/a/AVvXsEhu8o9rDWRDrzYHQA7IJb4UdLoA000XkqjQDV9pl6Bpt9-7QR2m8ho5nDQ1AiaQiSWVNUCI2bQNc7mQNIo6GzbGaB6RCDrM26WiB9cfLMpUA-14o1V-zHb_ZgjcX3FsHDAbgi_gg9S6dh_TDkLWGetyFS8YO83734wQxRW5lUAexD182pPZt4ecHf8Bug=w640-h482
https://blogger.googleusercontent.com/img/a/AVvXsEhu8o9rDWRDrzYHQA7IJb4UdLoA000XkqjQDV9pl6Bpt9-7QR2m8ho5nDQ1AiaQiSWVNUCI2bQNc7mQNIo6GzbGaB6RCDrM26WiB9cfLMpUA-14o1V-zHb_ZgjcX3FsHDAbgi_gg9S6dh_TDkLWGetyFS8YO83734wQxRW5lUAexD182pPZt4ecHf8Bug=s72-w640-c-h482
Al Ihsan Online Magazine
https://www.alihsanonweb.in/2021/10/Martin%20Lings%20The%20Prophets%20Reading%20of%20the%20Prophet.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/10/Martin%20Lings%20The%20Prophets%20Reading%20of%20the%20Prophet.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content